ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയിരുന്ന് ജെയിംസ് വെബ് ദുരദര്‍ശിനി (James Webb Space Telescope – JWST) പ്രപചഞ്ചത്തെ നിരീക്ഷിച്ച് പകര്‍ത്തിയ അത്ഭുത ദൃശ്യങ്ങള്‍ അടുത്തയിടെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തു വിട്ടു. എസ്എംഎസിഎസ് 0723 എന്നു പേരുള്ള ചിത്രമാണ് ആദ്യമായി പുറത്തുവന്നത്. തുടര്‍ന്ന് കൂടുതല്‍ ചിത്രങ്ങളും പുറത്തുവന്നു. പ്രപഞ്ചസൃഷ്ടിയുടെ മഹാരഹസ്യങ്ങളിലേക്കുതന്നെ വെളിച്ചം വീശുന്ന, 460 കോടി വര്‍ഷം മുന്‍പുള്ള നക്ഷത്രസമൂഹങ്ങളുടെ ദൃശ്യങ്ങള്‍വരെ ജയിംസ് വെബ് ഇതിനകം പകര്‍ത്തിയവയിലുണ്ട്. മഹാവിസ്ഫോടനം, നക്ഷത്രങ്ങളുടെ ഉദ്ഭവം, ആദിമ പ്രപഞ്ചഘടന, തമോഗര്‍ത്തങ്ങള്‍, പുറംഗ്രഹങ്ങളിലെ കാലാവസ്ഥ, യുറാനസ് – നെപ്റ്റിയൂണ്‍ ഗ്രഹങ്ങളുടെ സവിശേഷതകള്‍ തുടങ്ങിയവയെക്കുറിച്ചൊക്കെ ഈ ബഹിരാകാശ ദൂരദര്‍ശിനി പഠനം നടത്തുന്നുണ്ട്.
2021 ഡിസംബര്‍ 25-നാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി വിക്ഷേപിക്കപ്പെട്ടത്. നാസയെ കൂടാതെ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, കനേഡിയന്‍ സ്പേസ് ഏജന്‍സി എന്നിവയും ഇതിന്റെ ഭാഗമാണ്. സ്വര്‍ണ ദര്‍പ്പണത്തില്‍ നിര്‍മിച്ചിട്ടുള്ള ഈ ടെലസ്കോപ്പിന്റെ ചെലവ് ഏകദേശം 1000 കോടി ഡോളറാണ്. പ്രധാന കണ്ണാടിയുടെ വ്യാസം 6.5 മീറ്ററാണ്. ഇത് ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡിലും ഒരുപോലെ പ്രവര്‍ത്തിക്കുമെന്ന പ്രത്യേകതയുമുണ്ട്. നാസയുടെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്ററായിരുന്ന ജയിംസ് ഇ. വെബിന്റെ പേരാണ് ഈ ടെലസ്കോപ്പിനു നല്‍കിയിരിക്കുന്നത്. 1949 മുതല്‍ 1952 വരെ യുഎസ് സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറിയായിരുന്ന ജയിംസ് വെബ് പില്ക്കാലത്ത് നാസ തലപ്പത്ത് ആയിരിക്കുമ്പോള്‍ മനുഷ്യരെ ചന്ദ്രനിലെത്തിച്ച അപ്പോളോ പദ്ധതിയുടെ ആദ്യ ദൗത്യത്തിന് നേതൃത്വം നല്കി.
ലോകശ്രദ്ധയാകര്‍ഷിച്ച ഈ ബൃഹദ് പദ്ധതിയിലും മലയാളികളുടെ പങ്കുണ്ട്. ടെലിസ്കോപ്പിന്റെ ഇന്റഗ്രേഷന്‍ ആന്‍ഡ് സിസ്റ്റം എന്‍ജിനീയറിങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ജോണ്‍ ഏബ്രഹാം, ടെസ്റ്റ് എന്‍ജിനീയറായ റിജോയ് തോമസ് എന്നിവര്‍ അമേരിക്കന്‍ മലയാളികളാണ്. കൂടാതെ ജയിംസ് വെബ് പകര്‍ത്തുന്ന ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്യാനുള്ള നാസയുടെ സംഘത്തിലും 2 മലയാളികളുള്‍പ്പെട്ടിട്ടുണ്ട്. കോഴിക്കോട് സ്വദേശിയും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ഗവേഷകനുമായ മനോജ് പുറവങ്കരയും തിരുപ്പതി ഐസറില്‍ ഗവേഷകയും അസിസ്റ്റന്റ് പ്രഫസറുമായ മൂവാറ്റുപുഴ സ്വദേശി ജെസ്സി ജോസുമാണു സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മലയാളികള്‍.
ജിസാറ്റ്-24 ഭ്രമണപഥത്തില്‍
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ISRO) നിര്‍മിച്ച ജിസാറ്റ്-24 (GSAT-24) എന്ന അത്യാധുനികകമായ വാര്‍ത്താവിനിമയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഏരിയന്‍ സ്പേസ് ആണ് വിക്ഷേപണം നടത്തിയത്. 2022 ജൂണ്‍ 22ന് ഫ്രഞ്ച് ഗയാനയിലെ കുറൗവിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഏരിയന്‍ 5 (Ariane 5) റോക്കറ്റിലായിരുന്നു വിക്ഷേപണം. ഏരിയന്സ്പേസ് ഭ്രമണപഥത്തില്‍ എത്തിക്കുന്ന 25-ാമത്തെ ഇന്ത്യന്‍ ഉപഗ്രഹമായിരിക്കുമിത്.
ഡയറക്ട്-ടു-ഹോം (DTH) ആപ്ലിക്കേഷന്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പാന്‍ ഇന്ത്യ കവറേജുള്ള 4,180 കിലോഗ്രാം ഭാരമുള്ള 24-ക്യു ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റാണ് ജിസാറ്റ്-24.
ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (NSIL) എന്ന സ്ഥാപനത്തിന്റെ ആദ്യ കരാര്‍ ദൗത്യമായിരുന്നു ഇത്. ടാറ്റ പ്ലേയ്ക്ക് ഈ ഉപഗ്രഹത്തിന്റെ മുഴുവന്‍ ശേഷിയും പാട്ടത്തിന് നല്‍കിയിരിക്കുകയാണ് രാജ്യാന്തര ബഹിരാകാശ വിപണിയിലെ അവസരങ്ങള്‍ കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയുമാണ് ന്യൂ സ്പേസിന്റെ ചുമതല.
Add comment