ഗണിതശാസ്ത്രത്തിലെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നായി കണക്കാക്കപ്പെടുന്ന ഫീൽഡ്സ് മെഡൽ (Fields Medal), ഗണിതശാസ്ത്ര ഗവേഷണ രംഗത്തെ മികച്ച സംഭാവനകളെ മുൻനിർത്തി നാല് ഗവേഷകര്‍ക്ക് സമ്മാനിച്ചു. ചൈനീസ് ഗണിതശാസ്ത്രജ്ഞന് യു ഡെങ് (Yu Deng), അമേരിക്കക്കാരനായ ജോൺ പർഡൺ (John Pardon), സോവിയറ്റ് വംശജനായ കനേഡിയൻ ഗണിതശാസ്ത്രജ്ഞന് ജേക്കബ് സിമർമാൻ (Jacob Tsimerman), ചൈനീസ് ഗണിതശാസ്ത്രജ്ഞ ഹോങ് വാങ് (Hong Wang) എന്നിവരാണ് സമ്മാനാര്‍ഹരായത്. 40 വയസ്സിൽ താഴെയുള്ള ഗണിതശാസ്ത്രജ്ഞർക്ക് ഈ രംഗത്തെ സവിശേഷമായ സംഭാവനകൾ പരിഗണിച്ച് ഇന്റർനാഷണൽ മാത്തമാറ്റിക്കൽ യൂണിയൻ (IMU) നാല് വർഷത്തിലൊരിക്കലാണ് ഫീൽഡ്സ് മെഡൽ നൽകുന്നത്.
വിഖ്യാത കനേഡിയൻ ഗണിതശാസ്ത്രജ്ഞനായിരുന്ന ജോൺ ചാൾസ് ഫീൽഡ്സ് (John Charles Fields) ആണ് ഗണിതശാസ്ത്രത്തിലെ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കുന്നവര്ക്കായി ‘ഫീൽഡ്സ് മെഡൽ’ സ്ഥാപിച്ചത്. ഗണിതശാസ്ത്രത്തിലെ നോബല്‍ പ്രൈസ് എന്നാണിത് വിശേഷിപ്പിക്കപ്പെടുന്നത്.